സാമൂഹ്യ ചരിത്രം
ഗോത്ര വര്‍ഗ്ഗ സംസ്കൃതിയുമായി ബന്ധപ്പെട്ട സാംസ്കാരിക പശ്ചാത്തലമാണ് വയനാടിനുള്ളത്. ഇതര പ്രദേശങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന വിവിധ ജനവിഭാഗങ്ങളുടെ ഭാഷ, ആചാരം, സംസ്കാരം, ജീവിത രീതി എന്നിവയും അവരുടെ മതവിശ്വാസങ്ങളും വയനാടന്‍ തനിമയില്‍ കഴിഞ്ഞു പോന്ന ആദിവാസികളും അവരുടെ ആചാരാനുഷ്ഠാനങ്ങളും എല്ലാം ഇഴുകി ചേര്‍ന്ന ഒരു സങ്കര സംസ്കാരം ഇവിടെ ഉടലെടുത്ത് വികസിച്ചു വരുന്നതായി കാണാം. കേരളത്തിന്റെ പൊതുവായ സവിശേഷതകളില്‍ നിന്ന് പലതു കൊണ്ടും വ്യതിരിക്തമായ ചരിത്ര പശ്ചാത്തലവും സാംസ്കാരിക പൈതൃകവുമാണ് വയനാട് ജില്ലക്കുള്ളത്. ജില്ലയുടെ രൂപീകരണത്തിന് മുമ്പ് തന്നെ വയനാട് എന്ന പേര് ഈ പ്രദേശത്തിനുണ്ടായിരുന്നു. വടക്കേ വയനാട് കണ്ണൂര്‍ ജില്ലയുടെയും തെക്കേ വയനാട് കോഴിക്കോട് ജില്ലയുടെയും ഭാഗമായിരുന്നു. വയനാടിന്റെ പ്രാചീന ചരിത്രം ഐതിഹ്യങ്ങളുടെയും അവ്യക്തമായ സൂചനകളുടെയും സമ്മിശ്രരൂപമാണ്. വയനാടിന്റെ പടിഞ്ഞാറുഭാഗത്ത് ബാണാസുരമലയും പുല്‍പ്പള്ളിയില്‍ സീതാമൌണ്ടും വടക്കേ വയനാട്ടില്‍ തിരുനെല്ലിയും അമ്പലവയലില്‍ എടക്കല്‍ ഗുഹയും സ്ഥിതി ചെയ്യുന്നു. പൌരാണിക നവീന ശിലായുഗ കാലം മുതല്‍ തന്നെ സംസ്കാര സമ്പന്നരായ ഒരു ജനത വയനാട്ടിലുണ്ടായിരുന്നു എന്ന് അനുമാനിക്കാവുന്നതിന് സൂക്ഷ്മ തെളിവുകള്‍ ലഭിച്ച സ്ഥലങ്ങളാണ് ഇവ. ആദിവാസി വിഭാഗങ്ങളും അവരുടെ മിത്തുകളും ഐതിഹ്യ കഥകളും ഇതിന് സാക്ഷ്യം വഹിക്കുന്നു. ഇപ്പിമലയിലെ ആദിവാസികളായ പണിയരും, വേട വംശത്തിലെ പ്രതാപികളായ മുള്ളുവ കുറുമരും നാഗമക്കളായ ഈരാളിക്കുറുമരും കീയൊരുത്തിയുടെയും മേലൊരച്ഛന്റെയും പിന്‍മുറക്കാരായ അടിയാരും ശ്രദ്ധേയരായ സാംസ്കാരിക പാരമ്പര്യമുള്ളവരാണ്. മലബാറിന്റെ പല ഭാഗങ്ങളിലും കാണപ്പെടുന്ന പണിയരുടെ സങ്കേതങ്ങള്‍ മാനന്തവാടി പ്രദേശത്ത് പ്രാചീനകാലത്തു തന്നെയുണ്ടായിരുന്നു. വള്ളിയൂര്‍ കാവിനെ സംബന്ധിച്ച ഐതിഹ്യം ഇത് സൂചിപ്പിക്കുന്നു. എടക്കല്‍ ഗുഹയിലും തിരുനെല്ലി ക്ഷേത്രത്തിലും കണ്ടെത്തിയ ശിലാ ലിഖിതങ്ങള്‍ അതിപ്രാചീന കാലത്ത് വയനാട്ടിലുണ്ടായിരുന്ന സാംസ്കാരിക മഹിമയുടെ ദൃഷ്ടാന്തങ്ങളാണ്. ഗോത്ര സ്മൃതിയുടെയും പിന്നീട് വേരുറച്ച ജൈനമത സംസ്കാരത്തിന്റെയും അവിശിഷ്ടങ്ങളും വയനാട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സുല്‍ത്താന്‍ ബത്തേരിയും കല്‍പേട്ട എന്നറിയപ്പെട്ടിരുന്ന കല്‍പ്പറ്റയും കണിയാംപേട്ട എന്ന കണിയാംപറ്റയും ജൈനമതസംസ്കാര പശ്ചാത്തലമുള്ള പ്രദേശങ്ങളാണ്. വേറെയും പല ഭാഗങ്ങളിലും ജൈന സംസ്കാരത്തിന്റെ അവശിഷ്ടങ്ങളുണ്ട്. വേട രാജാക്കന്മാരുടെയും പില്‍ക്കാലത്ത് ടിപ്പു സുല്‍ത്താന്റെയും പഴശ്ശിരാജയുടെയും ആധിപത്യവും സാന്നിദ്ധ്യവും വയനാടിനുണ്ടായിട്ടുണ്ട്. പഴശ്ശിയുടെ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പനമരവും പുല്‍പ്പള്ളിയും മാനന്തവാടിയും ടിപ്പുവിന്റെ പടനീക്കവുമായി ബന്ധപ്പെട്ട ഗണപതിവട്ടവും (സുല്‍ത്താന്‍ ബത്തേരി) ചരിത്രത്തിന്റെ ഏടുകളിലെ സ്മരണീയമായ സ്ഥലങ്ങളാണ്. പഴശ്ശിയുടെ പടനീക്കത്തില്‍ സജീവപങ്കാളിയായിരുന്ന എടച്ചന കുങ്കന്റെ നേതൃത്വത്തിലുള്ള കുറിച്യരുടെയും, തലക്കല്‍ ചന്തുവിന്റെ നേതൃത്വത്തിലുള്ള വയനാടന്‍ നായന്മാരുടെയും കഥകള്‍ വയനാടന്‍ ചരിത്രത്തിന്റെ ഭാഗമാണ്. ആദിവാസികളും കര്‍ഷകരും ചേര്‍ന്നു നടത്തിയ പോരാട്ടം സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനുള്ള സമരമായിരുന്നു. കോട്ടയം (പഴശ്ശി) നാട്ടുരാജ്യത്തിന്റെ ഭരണത്തിലായിരുന്നപ്പോള്‍ വയനാട്ടിലെ പത്തു നാടുകള്‍, മൂത്തോര്‍നാട്, ഇളംകൂര്‍നാട്, വയനാട് സ്വരൂപം, പൊരുന്നനൂര്‍ സ്വരൂപം, നല്ലൂര്‍ നാട്, കുറുമ്പാലനാട്, എടനാടലംകൂര്‍, തൊണ്ടര്‍നാട്, വേലിയമ്പം, പാക്കം സ്വരൂപം എന്നിവയായിരുന്നുവത്രെ. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ ആദിവാസികളെയും സാധാരണക്കാരായ ജനങ്ങളെയും സംഘടിപ്പിച്ച് പാരതന്ത്ര്യത്തിനെതിരെ പട നയിച്ച്, പുല്‍പ്പള്ളിയിലെ മാവിലാംതോട്ടില്‍ 1805-ല്‍ വീരമൃത്യു വരിച്ച കേരളവര്‍മ്മ പഴശ്ശിരാജയുടെ ഭൌതിക ശരീരം സംസ്കരിച്ച പഴശ്ശികുടീരം മാനന്തവാടിയിലാണുള്ളത്. പഴശ്ശി രാജയുടെ പതനത്തോടെ ബ്രിട്ടീഷ് ആധിപത്യത്തിലായ വയനാട് പ്രദേശം, ബ്രിട്ടീഷ് ഭരണത്തില്‍ മലബാര്‍ ജില്ലയുടെ ഭാഗമായിത്തീര്‍ന്ന പൂതാടി, കുറുമ്പാല, വൈത്തിരി, മൂപ്പൈനാട്, ഗണപതിവട്ടം, എടത്തറക്കടവ് എന്നീ ആറു അംശങ്ങളുള്‍പ്പെട്ട പ്രദേശമായിരുന്നു തെക്കേ വയനാട്. ഇതിന്റെ ആസ്ഥാനം വൈത്തിരി ആയിരുന്നു. വടക്കേ വയനാടിന്റെ ഭരണകേന്ദ്രം മാനന്തവാടിയായിരുന്നു. പത്തൊമ്പതാം ശതകത്തിന്റെ പിറവിയോടെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി തീര്‍ന്ന വയനാട്, അവരുടെ പ്രമുഖ സങ്കേതമായിരുന്നു. വയനാട്ടിലെ തേയിലതോട്ടങ്ങള്‍ പില്‍കാലത്ത് അവരുടെ ഒത്താശയോടെ സ്ഥാപിച്ചവയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1910-ല്‍ രൂപം കൊണ്ട മലബാര്‍ ഘടകവുമായി ബന്ധപ്പെട്ട് പില്‍ക്കാലത്ത് ദേശീയ സമരത്തില്‍ വയനാടന്‍ പ്രദേശത്തും നാമമാത്രമായെങ്കിലും സമരങ്ങള്‍ സംഘടിക്കപ്പെട്ടു. 1928-ല്‍ പയ്യന്നൂരില്‍ നടന്ന കേരള പ്രദേശ് കോണ്‍ഗ്രസ് സമ്മേളനത്തോടെ മലബാറില്‍ ശക്തമായ ദേശീയ സമരത്തിന്റെ അലയൊലികള്‍ വയനാട്ടിലുണ്ടായി. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ കേരള പര്യടനത്തോടനുബന്ധിച്ച് 1934 ജനുവരി 14-ന് അദ്ദേഹം കല്‍പ്പറ്റയില്‍ (പുളിയാര്‍ മല) എത്തുകയുണ്ടായി. ഇതോടെ സ്വാതന്ത്ര്യസമരത്തില്‍ പലരും സജീവമായി പങ്കാളികളായി. എം.എ.ധര്‍മ്മരാജയ്യര്‍, ടി.എം.രാഘവന്‍ (മേപ്പാടി), വി.എന്‍.രാമന്‍ നായര്‍, ജിനചന്ദ്രന്‍, പി.എം.വര്‍ദ്ധമാനന്‍, പറമ്പത്ത് ചാത്തുമൂപ്പന്‍ തുടങ്ങിയ പലരും രംഗത്തിറങ്ങി. കോഴിപ്പുറത്ത് മാധവമേനോന്‍, കുട്ടിമാളുഅമ്മ, കെ.കേളപ്പന്‍, എ.കെ.ഗോപാലന്‍ തുടങ്ങിയവര്‍ വയനാട്ടിലെത്തി ദേശീയ സ്വാതന്ത്ര്യത്തിന്റെ സന്ദേശം പകരുകയും, ആദിവാസികളെ സംഘടിപ്പിച്ച് അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. പില്‍ക്കാലത്ത് രൂപംകൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ പ്രവര്‍ത്തനം വയനാട്ടിലേക്ക് വ്യാപിപ്പിക്കുകയുണ്ടായി. എ.കെ.ജിയുടെയും മറ്റും സാന്നിധ്യം ഇതിന് ആവേശം പകര്‍ന്നു. കര്‍ഷക സമരങ്ങളും, തോട്ടം മേഖലയിലെ തൊഴില്‍ സമരങ്ങളും, പുല്‍പ്പള്ളി, തിരുനെല്ലി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന നക്സല്‍ സമരങ്ങളും വയനാടിന്റെയും കേരളത്തിന്റെ തന്നെയും രാഷ്ട്രീയചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിച്ച മഹാസംഭവങ്ങളായിരുന്നു. 1954-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതിയുടെ ആനുകൂല്യം വയനാട് പ്രദേശത്തും ലഭിച്ചു. കാലാവസ്ഥ, മണ്ണിന്റെ ഘടന, ഭൂപ്രകൃതി എന്നിവയുടെ പ്രത്യേകത ഈ ജില്ലയിലെ കാര്‍ഷിക സമ്പദ്ഘടനയെ സാരമായി സ്വാധീനിക്കുന്നുണ്ട്. കഠിനമായ ശൈത്യവും, കനത്ത മഴയും, വനവും വന്യജീവികളും, മലമ്പനിയുമെല്ലാം വയനാടിനെ “വിഷകന്യക”യാക്കിയ കാലം ഉണ്ടായിരുന്നു. മണ്ണിന്റെ മക്കളും വനവാസികളുമായ ആദിവാസികളും പല കാലങ്ങളിലായി കുടിയേറിപാര്‍ത്ത ഇതര വിഭാഗത്തില്‍പ്പെട്ടവരും കാലാവസ്ഥയോടു മല്ലിട്ട് മണ്ണ് പൊന്നാക്കി മാറ്റിയ വയനാടന്‍ ചരിത്രം ആവേശകരമാണ്. സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂര്‍ പ്രദേശത്തു നിന്നുണ്ടായ അഭൂതപൂര്‍വ്വമായ കുടിയേറ്റം, വയനാടന്‍ മലനിരകളിലെ കന്നിമണ്ണിനെ കാര്‍ഷികസമ്പത്തുകളുടെ വിളനിലമാക്കി മാറ്റുന്നതിനും പുതിയ പുതിയ ആവാസകേന്ദ്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും സഹായിച്ചു. തുടര്‍ന്നുള്ള കാലങ്ങളില്‍ ഗതാഗതസൌകര്യങ്ങളുടെയും, വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങളുടെയും കാര്യത്തില്‍ ഒരു കുതിച്ചുകയറ്റം തന്നെയുണ്ടായി. വയല്‍നാടായിരുന്ന വയനാട് ഒരു കാലത്ത്, വിളഞ്ഞുനില്‍ക്കുന്ന നെല്‍ക്കതിരുകള്‍ ചാരുത പകര്‍ന്ന വിശാലമായ നെല്‍പ്പാടങ്ങളുടെ നാടു തന്നെയായിരുന്നു. എന്നാല്‍ നിരവധി കാരണങ്ങളാല്‍ നെല്‍കൃഷി ഇന്ന് വാഴ, കമുക്, ഇഞ്ചി, തെങ്ങ് തുടങ്ങിയ മറ്റു വിളകള്‍ക്ക് വഴിമാറിക്കൊടുക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. തേയില, കാപ്പി, കറുത്ത പൊന്നായ കുരുമുളക്, ഇതര സുഗന്ധ വിളകളായ ഏലം, ഇഞ്ചി തുടങ്ങിയവയാണ് വയനാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. വയനാടിന്റെ കിഴക്കന്‍ മേഖലകള്‍ ഓറഞ്ച് കൃഷിക്കും പ്രശസ്തമായിരുന്നു. വയനാട്ടിലെ കന്നുകാലി സമ്പത്ത് പ്രസിദ്ധമായിരുന്നു. എന്നാല്‍ വനനാശവും മേച്ചില്‍ സ്ഥലങ്ങളുടെ തിരോധാനവും ഈ മഹിമക്ക് ക്ഷതമേല്‍പ്പിച്ചു.
സാംസ്കാരികചരിത്രം
ഇതര ജില്ലകളെ പോലെ തന്നെ കനപ്പെട്ടതും, വിലപ്പെട്ടതുമായ സംസ്കാരികപൈതൃകം വയനാടിനുമുണ്ടെന്ന് അവകാശപ്പെടാന്‍ കഴിയും. പ്രാചീന ഗോത്രവര്‍ഗ്ഗസംസ്കാരത്തിലധിഷ്ഠിതമായ അനാദൃശ്യമായ സാംസ്കാരികത്തനിമ അവകാശപ്പെടാമെങ്കിലും സാഹിത്യ, കലാ രംഗങ്ങളില്‍ പിന്നീടുണ്ടായ നേട്ടങ്ങള്‍ അപൂര്‍വ്വം മാത്രം. തെയ്യം, തിറ, ഗദ്ദിക, വട്ടക്കളി, കമ്പളം കൊട്ട്, കുഴലൂത്ത്, കോല്‍ക്കളി തുടങ്ങിയ ഗോത്രവര്‍ഗ്ഗ നാടന്‍ കലകള്‍ ഏറെ ശ്രദ്ധേയമാണ്. എന്നാല്‍ ഗിരിവര്‍ഗ്ഗ വികസനത്തിന്റെയും പരിഷ്കാരത്തിന്റെയും പേരില്‍ ഗോത്രസാംസ്കാരികത്തനിമയ്ക്ക് ആഘാതമേല്‍പ്പിക്കുന്ന അവസ്ഥയാണിന്നുള്ളത്. ഉത്തരകേരളത്തില്‍ തെയ്യവും, തിറയും അനുഷ്ഠാനകലാരൂപങ്ങള്‍ എന്ന നിലയില്‍ ഇന്നും സംരക്ഷിക്കപ്പെടുകയും, സ്വാഭിമാനം അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ വയനാട് ജില്ലയില്‍ ഇത്തരം ശ്രമങ്ങള്‍ നടക്കുന്നില്ല. അവ അവതരിപ്പിക്കാനുള്ള കഴിവുള്ളവര്‍ തന്നെ വിരളമായിരിക്കുന്നു. കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനിടക്കുണ്ടായ കുടിയേറ്റവും വയനാടിന്റെ സാംസ്കാരിക മേഖലക്ക് അനിവാര്യമായ മാറ്റം പ്രദാനം ചെയ്യുകയുണ്ടായി. ഒരു സങ്കരസംസ്കാരവും ഭാഷയും ആചാരാനുഷ്ഠാനങ്ങളും ജീവിതരീതിയും വയനാട് ജില്ലയില്‍ ഉരുത്തിരിഞ്ഞു വന്നു. ഗിരിവര്‍ഗ്ഗ സാംസ്കാരികത്തനിമയും കലാരൂപങ്ങളും നിലനിര്‍ത്തുന്നതില്‍ അപകര്‍ഷതാബോധം വച്ചുപുലര്‍ത്തുന്ന ഗിരിവര്‍ഗ്ഗ യുവാക്കളും തെക്കും വടക്കും നിന്നെത്തിയ കുടിയേറ്റക്കാരും പുതിയ തലമുറയും കൂടി, വയനാടിന്റെ തനതു കലാ-സാംസ്കാരിക പൈതൃകത്തിന്റെ അടിത്തറയിളക്കി ഒരു സങ്കര സംസ്കാരത്തിന് രൂപം നല്‍കിയിരിക്കുന്നു. എന്നാല്‍ ഈ സങ്കര സംസ്കാരം സാമൂഹ്യമായി വലിയ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചതായും കാണാം. അതിനാല്‍ തന്നെ ജാതി, മതം, പ്രാദേശിക ചിന്തകള്‍, ഉച്ചനീചത്വങ്ങള്‍ എന്നിവ വളരെ വേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ ഏറ്റവും കൂടുതലുള്ള ജില്ലയായിട്ടു കൂടി, കേരളത്തിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് അയിത്തവും അസ്പൃശ്യതയും അകറ്റിനിര്‍ത്തലും ഇവിടെ കുറവാണ്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ ഐക്യത്തിന്റെ വയനാടന്‍ ശൈലി ശ്ലാഘനീയമാണ്. പ്രബലമായ ഈ മൂന്ന് മതങ്ങളുടെയും ആരാധനാലയങ്ങള്‍ വയനാട്ടിലെ ഏതു ഗ്രാമപ്രദേശങ്ങളിലും സാമൂഹ്യ ഐക്യത്തിന്റെ പ്രതീകങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം. 1960-70-കളില്‍ സജീവമായിരുന്ന നാടന്‍ കലാസമിതികളും അവയുടെ നേതൃത്വത്തില്‍ നടന്നിരുന്ന നാടകങ്ങളും കലാരംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പുകളായിരുന്നു. സ്കൂള്‍ വാര്‍ഷികാഘോഷങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, ക്ഷേത്രോത്സവങ്ങള്‍, വായനശാല ക്ലബ്ബ് വാര്‍ഷികങ്ങള്‍ എന്നിവ കലാപ്രകടനങ്ങള്‍ക്കുള്ള മികച്ച അവസരങ്ങളായിരുന്നു. വിദ്യാലയ യുവജനോത്സവങ്ങളും കേരളോത്സവങ്ങളും മറ്റുമാണ് ഇന്നത്തെ വിരളമായ കലാപ്രകടനാവസരങ്ങള്‍. പഴശ്ശി രാജയുടെ അനുനായികളായിരുന്ന കുറിച്യരുടെ പരമ്പരാഗത ആയോധനകല ഇന്നും അവരുടെയിടയില്‍ ചിലരെങ്കിലും അഭ്യസിച്ചുവരുന്നു. കേരള സംസ്ഥാനം രൂപം കൊണ്ടതോടെ, കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ആചാര്യനായ പി.എന്‍.പണിക്കര്‍ വയനാട് ജില്ലയില്‍ എത്തുകയും ഗ്രന്ഥശാലാപ്രസ്ഥാനം പടുത്തുയര്‍ത്താന്‍ നേതൃത്വം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇവിടെ നൂറോളം ഗ്രന്ഥശാലകള്‍ ആരംഭിക്കപ്പെട്ടു. വയനാട്ടില്‍ അറിയപ്പെടുന്ന സാഹിത്യകാരന്മാര്‍ വിരളമാണെങ്കിലും വയനാടിനെ കുറിച്ചുള്ള സാഹിത്യ സൃഷ്ടികള്‍ നടത്തിയിട്ടുള്ളവര്‍ പലരുമുണ്ട്. “മാവേലി മണ്‍ട്രം” എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കെ.ജെ.ബേബിയും, വയനാടിന്റെ സാമൂഹ്യപശ്ചാത്തലത്തില്‍ ഗ്രന്ഥം രചിച്ച് അവാര്‍ഡു നേടിയ ഒ.കെ.ജോണിയും, ടി.സി.ജോണും, വയനാടിനെ സ്നേഹിച്ച് “നെല്ല്”, “കുമന്‍കൊല്ലി” തുടങ്ങിയ കൃതികള്‍ രചിച്ച പി.വത്സലയും, എം.പി.വിരേന്ദ്രകുമാറുമൊക്കെ ഈ ജില്ലയ്ക്ക് അഭിമാനിക്കാവുന്ന എഴുത്തുകാരാണ്. അതിപ്രാചീന കാലത്ത് തന്നെ വയനാട്ടിലുണ്ടായിരുന്ന ആദിവാസികള്‍, കോഴിക്കോട് ജില്ലയിലെ നാദാപുരം, കുറ്റ്യാടി ഭാഗത്തു നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാട്ടിലെത്തിയ മുസ്ലീം മതാനുയായികളുടെ പൂര്‍വ്വികര്‍, കര്‍ണ്ണാടകയില്‍ നിന്നുവന്ന ജൈനമതസ്ഥരായ ഗൌഡന്മാര്‍, തിരുവിതാംകൂറില്‍ നിന്ന് കുടിയേറി വന്ന ക്രിസ്ത്യാനികള്‍, ഇവിടെ ഉണ്ടായിരുന്നവരും പിന്നീട് വന്നു ചേര്‍ന്നവരുമായ ഹിന്ദുക്കള്‍ എന്നിവരെല്ലാമടങ്ങുന്ന സമൂഹമാണ് ഇന്നത്തെ വയനാട്ടിലുള്ളത്. ധീരദേശാഭിമാനിയായിരുന്ന പഴശ്ശിരാജാവ് വീരമൃത്യു വരിച്ച സ്ഥലമാണ് പുല്‍പ്പള്ളിയിലെ മാവിലാംതോട്. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി ഒളിപ്പോരുസംഘവുമായി വയനാടന്‍ കാടുകളിലേക്ക് ഉള്‍വലിഞ്ഞ പഴശ്ശി പുല്‍പ്പള്ളിക്കടുത്ത് മാവിലാംതോടിന്റെ കരയിലാണ് തമ്പടിച്ചിരുന്നത്. അദ്ദേഹത്തെ പിന്തുടര്‍ന്നെത്തിയ അന്നത്തെ ബ്രിട്ടീഷ് സബ് കളക്ടര്‍ ബാബറുടെ നേതൃത്വത്തിലുള്ള സംഘത്തോടേറ്റുമുട്ടി പഴശ്ശി വീരമൃത്യുവടഞ്ഞു. പഴശ്ശിയുടെ സ്മരണ നിലനിര്‍ത്തുന്നതിന് ഒരു ചെറിയ മണ്ഡപം തീര്‍ക്കുന്നതിനു മാത്രമേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. മാനന്തവാടിയില്‍ പഴശ്ശിയെ സംസ്കരിച്ചിട്ടുള്ള സ്ഥലത്ത് ഒരു ചെറിയ സ്മാരകം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.
